കൊച്ചി: കേരളത്തിന്റെ മെട്രോ സ്വപ്നങ്ങള്‍ക്കു ചിറകു സമ്മാനിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) കൊച്ചിയിലേക്ക് മടങ്ങിവരുന്നു.
കൊച്ചി മെട്രോയുടെ ഭാവി നടത്തിപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചതിന്റെ ഭാഗമായാണു ഡിഎംആര്‍സി വീണ്ടും കൊച്ചിയിലേക്ക് വരാന്‍ സാധ്യത തെളിയുന്നത്. ഇതുസംബന്ധിച്ച് ഡിഎംആര്‍സി സമര്‍പ്പിച്ച പ്രൊപ്പോസല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മുന്നിലുണ്ട്.
കൊച്ചി മെട്രോയ്ക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍ ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
രണ്ടു വര്‍ഷം മുന്‍പാണ് കൊച്ചി മെട്രോയുടെ ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ച് ഡിഎംആര്‍സി കത്ത് നല്‍കിയത്. അന്നതിന് കെഎംആര്‍എല്‍ മറുപടി നല്‍കിയില്ല. ഇപ്പോള്‍ കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്കും വിമാനത്താവളം വഴിയുള്ള അങ്കമാലി മെട്രോ മൂന്നാം ഘട്ടം ആരംഭത്തിലേക്കും കടക്കുന്ന സാഹചര്യത്തില്‍, ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സിന് വിദഗ്ധ ഏജന്‍സിയുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഡിഎംആര്‍സിയുടെ പ്രൊപ്പോസല്‍ പരിഗണിക്കാന്‍ കെഎംആര്‍എല്‍ ആലോചിക്കുന്നത്.
ഡിഎംആര്‍സി താത്പര്യം പ്രകടിപ്പിക്കുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ ഒറ്റപ്പാതയുടെ നടത്തിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷത്തിനുള്ളില്‍ കാക്കനാട്ടേക്ക് രണ്ടാം പാത തുറക്കും. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും അങ്കമാലി മെട്രോയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഇതോടെ നിലവിലുള്ള ജീവനക്കാര്‍ക്കുമേല്‍ ജോലിഭാരം കൂടും. ഇതും കണക്കിലെടുത്താണ് ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സിനായി ഈ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച മറ്റേതെങ്കിലും ഏജന്‍സിയെ കണ്ടെത്താന്‍ കെഎംആര്‍എല്‍ ആലോചന തുടങ്ങിയത്.
കൊച്ചി മെട്രോയുമായി ആത്മബന്ധമുള്ള ഏജന്‍സിയാണ് ഡിഎംആര്‍സി. കൊച്ചി മെട്രോയുടെ ആദ്യ സ്ട്രെച്ച് നിര്‍മിച്ചു കൈമാറിയത് മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിയായിരുന്നു. പ്രാരംഭഘട്ടം മുതല്‍ ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു മെട്രോ നിര്‍മാണം നടന്നത്. പിന്നീടാണ് കൊച്ചി മെട്രോ കെഎംആര്‍എലിനു കൈമാറിയത്. മുന്‍പരിചയം ഉള്ളതിനാല്‍ കൊച്ചി മെട്രോയുടെ നടത്തിപ്പ് അനായാസമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഡിഎആര്സിക്കു സാധിക്കുമെന്നാണ് വിലയിരുത്തല്‍.
33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ മെട്രോയുടെയും 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ മെട്രോയുടെയും ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഡിഎംആര്‍സി ഇതിനകം ചെയ്യുന്നുണ്ട്. മുംബൈ മെട്രോയുമായി പത്തുവര്‍ഷത്തെ കരാറും ചെന്നൈ മെട്രോയുമായി 12 വര്‍ഷത്തെ കരാറുമാണുള്ളത്.
ഈ കാലയളവില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍, ഒസിസി ഡിപ്പോ മാനേജ്മെന്റ്, അറ്റകുറ്റപ്പണി എന്നിവ ഡിഎംആര്‍സി കൈകാര്യം ചെയ്യും. ഈ മാതൃകയിലാകും കൊച്ചി മെട്രോയുടെ ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഡിഎംആര്‍സി ഏറ്റെടുക്കുക.